നീറ്റ് പരീക്ഷ: എൻടിഎ ഓഫീസ് നേരിട്ട് പരിശോധിക്കാൻ സുപ്രീംകോടതി; ഡെപ്യൂട്ടേഷൻ നിയമനങ്ങൾ കുറയ്ക്കണമെന്ന് നിർദ്ദേശം
നീറ്റ് പരീക്ഷ: എൻടിഎ ഓഫീസ് നേരിട്ട് പരിശോധിക്കാൻ സുപ്രീംകോടതി; ഡെപ്യൂട്ടേഷൻ നിയമനങ്ങൾ കുറയ്ക്കണമെന്ന് നിർദ്ദേശം
ന്യൂഡൽഹി: നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഓഫീസ് നേരിട്ട് പരിശോധിക്കാൻ നീറ്റ് കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ച്. എൻടിഎ ഏർപ്പെടുത്തിയ പുതിയ സജ്ജീകരണങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം. നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് എൻടിഎ പലവിധത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമായിരുന്നു. ഈ മാറ്റങ്ങൾ വിലയിരുത്തുകയാണ് സുപ്രീം കോടതി ജഡ്ജിമാരുടെ ഉദ്ദേശ്യം.
ജഡ്ജിമാർ ഡൽഹിയിലെ മിന്റോ റോഡിലുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പുതിയ ഓഫീസിൽ നേരിടടെത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പരീക്ഷാ സംവിധാനത്തിന്റെ ഭദ്രത താൽക്കാലിക നടപടികളിൽ മാത്രം ഒതുങ്ങാതെ കൂടുതൽ ശക്തമാക്കുക എന്നതാണ് ലക്ഷ്യം. ഈ വിഷയത്തിൽ വലിയ പൊതുജന വികാരം ഉയർന്ന സാഹചര്യമുണ്ട്. ഇതേ വിഷയത്തിൽ രാജ്യമാകെ പുതിയ തലമുറയുടെ രോഷം അണപൊട്ടിയൊഴുകിയ സംഭവവും ഉണ്ടായി.
സുപ്രീംകോടതി ജഡ്ജിമാർ ഓഫീസ് സൗകര്യങ്ങൾ , ജീവനക്കാരുടെ വിവരം, മറ്റ് സംവിധാനങ്ങൾ തുടങ്ങിയവയാണ് പരിശോധിക്കുക. ജസ്റ്റിസ് പിഎസ് നരസിംഹ, ജസ്റ്റിസ് അരധെ എന്നിവരടങ്ങുന്ന ബെഞ്ച് സൗകര്യങ്ങൾ വിലയിരുത്തും.
എന്‍ടിഎയിൽ ഉയർന്ന അളവിൽ ഡെപ്യൂട്ടേഷൻ നിയമനങ്ങൾ നടക്കുന്നത് സംബന്ധിച്ച പ്രശ്നവും സുപ്രീംകോടതി പരിഗണിച്ചു. കേസിൽ കേന്ദ്ര സർക്കാരിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ഇക്കാര്യം കോടതി ആവശ്യപ്പെട്ടു. എന്‍ടിഎയിൽ സ്ഥിരം ജീവനക്കാരും സംവിധാനങ്ങളും വരണമെന്ന് കോടതി വ്യക്തമാക്കി.
അതെസമയം നീറ്റ് പരീക്ഷാ സംവിധാനത്തിൽ ഘടനാപരമായ മാറ്റങ്ങൾ നിർദേശിക്കാൻ നന്ദൻ നിലേകനിയുടെ (ഇൻഫോസിസ് സഹസ്ഥാപകൻ) നേതൃത്വത്തിൽ രൂപീകരിച്ച സമിതി വിവിധ മേഖലകളിലെ ആളുകളുമായി ചർച്ച നടത്തിവരികയാണ്. ഈ മാസം അവസാനത്തോടെ സമിതി ആദ്യ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0

